കഴക്കൂട്ടം സീനിയർ വെറ്ററിനറി സർജൻ ഡോ.ആർ.സൈരയ്ക്കുനേരെ തികച്ചും അവാസ്തവവും, മൗലിക അവകാശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ളതുമായ വ്യാജവാർത്ത നൽകിയ 24-ന്യൂസ് ചാനലിന്റെ നടപടിയെ കേരള ഗവൺമെൻ്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ ശക്തമായി അപലപിക്കുന്നു. വ്യക്‌തിപരമായ ആവശ്യങ്ങൾക്ക് ലീവ് ആയിരുന്ന സമയത്ത് പേഴ്സണൽ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല എന്ന ആരോപണം ഉന്നയിച്ച് തികച്ചും തെറ്റിദ്ധാരണ പരത്തുന്നതും, വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്ന തരത്തിലുമുള്ള വ്യാജവാർത്ത നൽകിയ നടപടി അത്യന്തം ഹീനമാണ്. ഡോക്ടർ ഡ്യൂട്ടി സമയത്ത് ആശുപത്രിയിൽ ഉണ്ടോ എന്നും, ആ സമയത്ത് ആശുപത്രിയിൽ കൊണ്ടുവരുന്ന മൃഗങ്ങൾക്ക് വേണ്ട ചികിത്സയും, മൃഗങ്ങളെ ആശുപത്രിയിൽ കൊണ്ടുവരാതെ അവയുടെ രോഗവിവരങ്ങൾ അറിയിച്ച് ചികിത്സ തേടി വരുന്നവർക്ക് വേണ്ട ചികിത്സാ നിർദ്ദേശങ്ങളും നൽകുന്നുണ്ടോ എന്നത് മാത്രമാണ് പ്രസക്തമായ വിഷയം. ഒരു സ്ത്രീയുടെ സ്വകാര്യതയെ മാനിക്കാതെ, തികച്ചും ഏകപക്ഷീയമായി ഡോക്ടർ തെറ്റുകാരിയാണ് എന്ന മാധ്യമ മുൻവിധിയോടെ , അവരുടെ പേഴ്സണൽ വാട്ട്സ്ആപ് ഡിസ്പ്ലേ ഫോട്ടോ സഹിതം വാർത്ത നൽകുന്നത് അത്യന്തം മ്ലേച്ചമായ പ്രവർത്തിയാണ്. സാമൂഹ്യ മാധ്യമ വിചാരണയിലൂടെ ഡോക്ടറെ അധിക്ഷേപിക്കുന്നതിനും, മാനഹാനി വരുത്തുന്നതും കാരണമായ ഈ വാർത്ത അടിയന്തരമായി പിൻവലിച്ച് ചാനൽ മാപ്പുപറയണമെന്ന് KGVOA ആവശ്യപ്പെടുന്നു. അനീതിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ ഡോ.സൈരയോടൊപ്പം KGVOA ശക്തമായി നിലകൊള്ളുമെന്ന് പ്രഖ്യാപിച്ചു കൊള്ളുന്നു. വ്യക്തിഹത്യ നടത്തുന്ന ഇത്തരം വ്യാജവാർത്തകൾക്ക് എതിരെയും, ലീവിലുള്ള സമയങ്ങളിലും, ഓഫീസ് സമയത്തിന് ശേഷവും, മറ്റ് ഔദ്യോഗിക തിരക്കുകൾക്ക് ഇടയിൽ പോലും സ്വന്തം പേഴ്സണൽ മൊബൈലിൽ വരുന്ന എല്ലാ കോളുകളും അറ്റൻഡ് ചെയ്ത് ഫോണിൽക്കൂടി ചികിത്സിച്ച് കൊണ്ടേയിരിക്കണം എന്നുള്ള തരത്തിൽ, മാനുഷികമായ പരിമിതികൾ കൊണ്ട് ഇത്തരത്തിൽ സാധിക്കാത്തത് ഡോക്ടർമാരുടെ കൃത്യവിലോപമായും, അഴിമതിയായും പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതിനും എതിരെയുള്ള ഈ പോരാട്ടത്തിൽ കേരളത്തിലെ മുഴുവൻ വെറ്ററിനറി ഡോക്ടർമാരും, ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അഭ്യർത്ഥിച്ചു കൊളളുന്നു.